നടുവണ്ണൂര്‍: രണ്ടായിരത്തി അഞ്ച് ജൂണ്‍ അഞ്ച് പരിസ്ഥിതിദിനത്തില്‍ കോട്ടൂര്‍ എയുപി സ്‌കൂള്‍ നടപ്പിലാക്കിയ 'വരിക്കപ്ലാവും കുട്ടികളും ' - പദ്ധതിയില്‍ കുരുന്നുകള്‍ നടുപിടിപ്പിച്ച പ്ലാവിന്‍ തൈകള്‍ പതിനെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറത്ത് നിറയെ ചക്കകളുമായി തലയുയര്‍ത്തി നില്ക്കുമ്പോള്‍ ഈ വര്‍ഷത്തെ പദ്ധതി ഏറ്റെടുക്കാന്‍ കുട്ടികള്‍ക്ക് ആവേശമേറി.
പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം പരിസ്ഥിതി ദിനത്തില്‍ സംസ്ഥാന ജൈവകൃഷി അവാര്‍ഡ് ജേതാവ് സിദ്ദിഖ് വെങ്ങളത്ത് കണ്ടി നിര്‍വഹിക്കും. ഈ വര്‍ഷത്തെ തനത് പദ്ധതിയാണ് 'തേനൂറും തേന്‍വരിക്ക ' -സ്‌കൂളിലെ മുഴുവന്‍ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടുവളപ്പില്‍ വരിക്ക പ്ലാവിന്‍ തൈ നടും.
നിരന്തര നിരീക്ഷണം, വളര്‍ച്ച ഘട്ടങ്ങള്‍ വിലയിരുത്തല്‍ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. അധ്യാപകരും പിടിഎ പ്രതിനിധികളും ഗൃഹ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. തൈ നടീല്‍ മാത്രമല്ല, സംരക്ഷണവും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് ഓരോ പരിസ്ഥിതി ദിനത്തിലും വിവിധ പദ്ധതികളാണ് കോട്ടൂര്‍ എയുപി സ്‌കൂള്‍ നടപ്പിലാക്കുന്നത്.
എല്ലാ മാസവും അഞ്ചാം തീയതി നട്ടുപിടിപ്പിച്ച പ്ലാവിന്‍ തൈയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിലേക്ക് അയയ്ക്കും. തൈ നഷ്ടപ്പെട്ടാല്‍ പുതിയത് വെച്ചു പിടിപ്പിക്കാനുള്ള അവസരം ഉണ്ടാകും. പിടിഎ പ്രസിഡന്റ് ടി.വി. മനോജ്, എംപിടിഎ പ്രസിഡന്റ് സഫിയ ഒയാസിസ്, പ്രധാനാധ്യാപിക ആര്‍. ശ്രീജ. എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും.
Kottur AUP School with 'Thenurum Thenvarika' project









































.jpg)