മേപ്പയ്യൂർ : കർണാടകയിലെ തിയേറ്ററുകളിൽ തുടർ എന്ന തുളു ചിത്രം ഹൗസ്‌ഫുൾ ആയി ഓടിക്കൊണ്ടിരിക്കുമ്പോൾ മേപ്പയ്യൂരുകാർക്കും അഭിമാനിക്കാം.
ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മേപ്പയ്യൂർ സ്വദേശി ചന്തുവാണ്. മലയാളത്തിൽ സ്വതന്ത്ര ക്യാമറമാനായ ചന്തുവിന്റെ ആദ്യ തുളു ചിത്രമാണ് തുടർ. മികച്ച അഭിപ്രായങ്ങളുമായി ചിത്രം രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്.
സുമുഖ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ വിൽസൺ റിബലോ നിർമിച്ച ചിത്രം എൽട്ടൺ, തേജേഷ് പൂജാരി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്‌തിരിക്കുന്നത്.
ബുക്ക്‌മൈ ഷോയിൽ റിലീസ് ചെയ്‌ത 'പടച്ചോൻ്റെ കഥകൾ' എന്ന ആന്തോളജി ചിത്രമാണ് ചന്തു മേപ്പയൂർ സ്വതന്ത്ര ക്യാമറാമാൻ ആയ മലയാള ചിത്രം. സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'അന്തരം' എന്ന ചിത്രത്തിൻ്റെ അസോസിയേറ്റ് ക്യാമറാമാൻ കൂടിയാണ് ചന്തു.
കൂടാതെ ദേശിയ അന്തർദേശിയ മാഗസീനുകളിൽ ചന്തുവിൻ്റെ ഫോട്ടോകൾ ശ്രദ്ധ നേടാറുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ മെറ്റേണിറ്റി ഫോട്ടോകൾക്ക് പിന്നിലും ചന്തുവിന്റെ ക്യാമറകളായിരുന്നു.
കോഴിക്കോട് ഉമ്മളത്തൂരിലെ സിയയുടെയും സഹദരിന്റെയും ഫോട്ടോഷൂട്ട് നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
മേപ്പയ്യൂർ കൂനംവള്ളിക്കാവ് സ്വദേശിയായ ചന്തു തൻ്റെ പാഷൻ എന്ന നിലയിലാണ് ക്യാമറയെയും ഫോട്ടോഗ്രാഫിയെയും കാണുന്നത്. വെഡ്ഡിങ് ഫോട്ടോ ഗ്രാഫിയിലൂടെയാണ് ഈ രംഗത്ത് കാലെടുത്തുവെച്ചതെന്ന് ചന്തു പറഞ്ഞു.
പേരാമ്പ്രയിലെ സിനിമാ പ്രേമികളുടെ കൂട്ടായ്‌മയിൽ പ്രവർത്തിക്കുന്ന ചെമ്പ്ര റോഡിലെ വൈയ്‌വ് മീഡിയയുടെ അമരക്കാരനാണ്. മലയാളത്തിലടക്കം പുതു അവസരങ്ങൾക്ക് തുടർ എന്ന ചിത്രത്തിൻറെ വിജയം തുണയാകുമെന്ന പ്രതീക്ഷയിലാണ് ചന്തു.
Tulu movie 'Tutar' a big hit; The camera was moved by Mepayyur